ദേഷ്യം ഇരുട്ടാണ്, എല്ലാ വെളിച്ചവും കെടുത്തുന്ന ഇരുട്ട്. അത് കെട്ടുപൊട്ടിച്ചാല്‍ നല്ലതൊക്കെയും ചീത്തയാവും
ഒരു ദിവസം എത്ര തവണ നിങ്ങള്‍ ദേഷ്യപ്പെടാറുണ്ട്? ഉത്തരം പറയാന്‍ പലരും ബുദ്ധിമുട്ടും തീര്‍ച്ച. ഒന്നുകില്‍ എണ്ണാന്‍ വിരലുകള്‍ മതിയാവാതെ വരും. അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. എന്തായാലും ദേഷ്യം പതിവുകാരനാണ് പലരുടെയും ജീവിതത്തില്‍. അത് അത്രനന്നല്ലെന്നുമറിയാം. ദേഷ്യം മാറ്റണമെന്നുമുണ്ട് എല്ലാവര്‍ക്കും. കാരണം ദേഷ്യം ഇരുട്ടാണ്. എല്ലാവെളിച്ചത്തെയും കെടുത്തുന്ന ഇരുട്ട്. ദേഷ്യം കെട്ടുപൊട്ടിച്ചാല്‍ നല്ലതൊക്കെയും ചീത്തയാകും. സൗന്ദര്യം വൈരൂപ്യവും സദ്ഗുണങ്ങള്‍ ദൂര്‍ഗുണങ്ങളുമാകുന്ന സന്ദര്‍ഭമാണത്. ഇന്നലെവരെ പ്രകീര്‍ത്തിച്ച പലതും ആ നിമിഷം പഴിക്കപ്പെടും. അപ്പോള്‍ പൊട്ടിത്തെറിക്കുന്ന വാക്കുകള്‍ പിന്നീട് പലപ്പോഴും പെറുക്കിയെടുക്കാനാവാറില്ല. ഇത് നാമെല്ലാം പലതവണ അനുഭവിച്ച, നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ദേഷ്യമെന്ന അയഥാര്‍ത്ഥ മാനസികാവസ്ഥ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ദേഷ്യത്തെക്കുറിച്ച് നാം ദേഷ്യപ്പെടുന്നത്. നിയന്ത്രണം വിട്ട ദേഷ്യം ഹ്രസ്വമായ ഭ്രാന്താണ്.
ദേഷ്യപ്പെടാന്‍ എന്തെളുപ്പം!
ആര്‍ക്കും ദേഷ്യപ്പെടാനാവും, അതെളുപ്പവുമാണ്. എന്നാല്‍ വേണ്ട സമയത്ത്, വേണ്ട അളവില്‍, ദേഷ്യപ്പെടേണ്ടവരോട് നല്ല ഉദ്ദേശ്യത്തിനായി, നല്ലനിലയ്ക്ക് ദേഷ്യപ്പെടല്‍ അത്ര എളുപ്പമല്ല. അരിസ്റ്റോട്ടിലിന്റെ ഈ വാക്കുകള്‍ ഒരേ സമയം ദേഷ്യം എന്ന വികാരത്തിന്റെ ആവശ്യകതയും ദുരുപയോഗവും സൂചിപ്പിക്കുന്നു. ദേഷ്യം സ്വാഭാവികമാണ്. കാരണം അതൊരു മാനുഷിക വികാരമാണ്. പക്ഷേ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടാല്‍ ദേഷ്യം അല്ലെങ്കില്‍ കോപം വിനാശകരമായി മാറും. ജോലിയില്‍, വ്യക്തി ബന്ധങ്ങളില്‍, എല്ലാത്തിനുമുപരി ജീവിതത്തിന്റെ ഗുണനിലവാരത്തില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കും. എന്തിനും ഏതിനും ദേഷ്യപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെതന്നെ ചാടിക്കടിക്കാന്‍ വരുന്ന ഇത്തരക്കാരോട് അടുക്കാന്‍ ആളുകള്‍ മടിക്കും. ദേഷ്യം എന്ന ശക്തമായ വികാരത്തിന് കീഴടങ്ങിയ അത്തരക്കാര്‍ എപ്പോള്‍ എങ്ങിനെ പെരുമാറുമെന്ന് മറ്റുള്ളവര്‍ക്ക് ഊഹിക്കാനേ കഴിയില്ല.
യഥാര്‍ത്ഥത്തില്‍ എന്താണ് ദേഷ്യം. അനിഷ്ടകരമായതിനോടുള്ള പ്രതികരണമാണ് ദേഷ്യം. ഇഷ്ടക്കേടുള്ള സാഹചര്യങ്ങളിലാണ് അത് തല നീട്ടുന്നത്. ആഗ്രഹിച്ചത് നടക്കാതാവുമ്പോള്‍, ഇഷ്ടമില്ലാത്ത സാഹചര്യത്തില്‍ അകപ്പെടുമ്പോള്‍, ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വിടാതെ പിന്തുടരുമ്പോള്‍ അങ്ങിനെയങ്ങനെ. അപ്പോള്‍ നിയന്ത്രിതമല്ലാത്ത മനസ്സ് അസന്തുഷ്ടി കാണിക്കും. അതാണ് പൊടുന്നനെ ദേഷ്യരൂപത്തില്‍ പൊട്ടിത്തെറിക്കുന്നത്. ദിവസവും ഇത്തരം നൂറുകണക്കിന് സന്ദര്‍ഭങ്ങളെ നാം അഭിമുഖീകരിക്കാറുണ്ട്. കാല് കല്ലില്‍ തട്ടുന്നത്മുതല്‍ ഭാര്യയോടും ഓഫീസ് മേധാവിയോടും ഉള്ള വിയോജിപ്പ് വരെ പലതരത്തില്‍, പലസമയത്ത്. ഇഷ്ടമില്ലാത്തതിനെയെല്ലാം തടയാന്‍ ആര്‍ക്കുമാവില്ല. കാരണം സംഭവിക്കുന്നതിലധികവും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ.
മാറാത്ത മുറിവുകള്‍
ദേഷ്യം എന്താണ് നമ്മോട് ചെയ്യുന്നത്. ഒരു കഥയുണ്ട്. ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. എന്തിനും ഏതിനും കോപിക്കുന്ന കുട്ടി. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെട്ട് മറ്റുള്ളവരോട് ഒച്ചവെക്കുന്ന പ്രകൃതക്കാരന്‍. മകന്റെ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന ഈ സ്വഭാവം മാറ്റണമെന്ന് ഒരിക്കല്‍ അച്ഛന് തോന്നി. അങ്ങിനെ ആദ്ദേഹം അവന് കുറച്ച് ആണികളും ഒരു ചുറ്റികയും നല്‍കി. എന്നിട്ട് പറഞ്ഞു 'ദേഷ്യം തോന്നുമ്പോഴൊക്കെ ഒരോ ആണി വീടിന്റെ ചുമരില്‍ അടിച്ചുവെക്കണം'. അങ്ങിനെ കുട്ടി ദേഷ്യം വരുമ്പോഴൊക്കെ ചുമരില്‍ ആണിയടിച്ചു തുടങ്ങി. പലപ്പോഴും ആണിയടിക്കുമ്പോള്‍ ചുറ്റികയടിയേറ്റ് അവന്റെ വിരലുകള്‍ക്ക് മുറിവേല്‍ക്കുക പതിവായി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ചുമരില്‍ ആണികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ചുമരിലെ ആണികളുടെ നീണ്ടനിര കണ്ടപ്പോള്‍ താന്‍ ഒരുപാട് ദേഷ്യപ്പെടുന്നതായി കുട്ടിക്ക് തന്നെ മനസ്സിലായി.
ദേഷ്യം നിയന്ത്രിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവനും തോന്നിത്തുടങ്ങി. അങ്ങിനെ ആണിയും ചുറ്റികയും തിരിച്ചേല്‍പിക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍ ചോദിച്ചു 'മോനേ നിനക്കെന്തെങ്കിലും മനസ്സിലായോ? വിരലുകള്‍ കാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു 'ദേഷ്യം വരുമ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ അനാവശ്യമായി
മുറിവേല്‍പിക്കുകയായിരുന്നു'. അപ്പോള്‍ അച്ഛന്‍ മകനോട് ചുമരിലെ ആണികള്‍ മുഴുവന്‍ നീക്കിയിട്ട് വരുവാനാവശ്യപ്പെട്ടു. അതുകഴിഞ്ഞ് മകന്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു 'ഭിത്തിയില്‍ മോന്‍ എന്തെങ്കിലും ശ്രദ്ധിച്ചോ? കുട്ടി പറഞ്ഞു'ഭിത്തിയില്‍ ഒരുപാട് കുഴികള്‍ കണ്ടു'. അതുകേട്ട് അച്ഛന്‍ പറഞ്ഞു 'ഒരോ തവണ ദേഷ്യപ്പെടുമ്പോഴും നീ നിന്നെത്തന്നെ മുറിവേല്‍പിക്കുക മാത്രമായിരുന്നില്ല, മറ്റുള്ളവരെക്കൂടി മുറിവേല്‍പിക്കുകയും വ്യക്തി ബന്ധങ്ങളില്‍ വിടവുകള്‍ ഉണ്ടാക്കുകയുമായിരുന്നു'.
അതേ, ദേഷ്യം ദേഷ്യപ്പെടുന്നയാളെയും മറ്റുള്ളവരേയും ഒരേസമയം മുറിവേല്‍പിക്കുന്നു. തിരിച്ചറിവ് നഷ്ടപ്പെടുത്തുന്നു, ബന്ധങ്ങള്‍ നശിപ്പിക്കുന്നു, വ്യക്തികള്‍ക്കിടയിലെ പരസ്പരവിശ്വാസം ഇല്ലാതാക്കി വെറുപ്പുണ്ടാക്കുന്നു. ശത്രുക്കളെ സൃഷ്ടിക്കുന്നു. മാത്രമല്ല മനസ്സില്‍ ദുഷ്ചിന്തകള്‍ക്ക് തിരികൊളുത്തുന്നു.
നല്ല ചിന്തകളും പോസിറ്റീവായി കാര്യങ്ങളെ കാണാനുള്ള കഴിവും നഷ്ടപ്പെടുത്തുന്നു. ദേഷ്യപ്പെടുമ്പോള്‍ മനസ്സുകള്‍ തമ്മില്‍ അകലുകയാണ്. അതുകൊണ്ടാണ് ദേഷ്യം വരുമ്പോള്‍ നാം ഒച്ചവെക്കുന്നത്. എന്നാല്‍ പരസ്പരം സ്‌നേഹിക്കുമ്പോള്‍ മനസ്സുകള്‍ ഒന്നാകുന്നു. അപ്പോള്‍ ഒച്ച വെക്കേണ്ടി വരില്ല, പതിഞ്ഞ ശബ്ദത്തില്‍ മൃദുവായി സംസാരിക്കാനാവുന്നു. അഗാധമായി സ്‌നേഹിക്കുമ്പോള്‍ അതുപോലും വേണ്ടിവരില്ല. നോട്ടം മാത്രം മതിയാകും. കണ്ണുകള്‍തമ്മില്‍ സംസാരിക്കുന്നുവെന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. ദേഷ്യപ്പെട്ട് ദേഷ്യപ്പെട്ട് എത്ര ഒച്ചവെച്ചാലും കേള്‍ക്കാനാവാത്തത്ര മൈലുകളോളം അകലേക്ക് മനസ്സുകള്‍ എത്തിപ്പെടുമ്പോള്‍ തിരിച്ചുവരവ് ബുദ്ധിമുട്ടാവും. എന്നെന്നേക്കുമായി ആ വ്യക്തിയെ നമുക്ക് നഷ്ടപ്പെടുന്നു. ജീവിതത്തിലെ സന്തോഷവും.
അടിച്ചമര്‍ത്തേണ്ട, ഇല്ലാതാക്കുക
വിഡ്ഢികളുടെ മാറില്‍ മാത്രമേ കോപം പാര്‍പ്പുറപ്പിക്കൂ എന്നുപറഞ്ഞത് ഐന്‍സ്റ്റീനാണ്. കോപം സന്തത സഹചാരിയായി മാറാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. കാരണം ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ നിങ്ങള്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ നൂറുദിനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവും. ദേഷ്യമുണ്ടാക്കുന്ന നാശനഷ്ടങ്ങളില്‍ നിന്നും നാണക്കേടില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തനാകാനുമാവും.
കോപത്തിനുള്ള മറുപടി നിശ്ശബ്ദതദയാണ്. ക്ഷമയാണ്. കോപത്തെ കീഴടക്കി ക്ഷമിക്കുന്നവനാണ് യഥാര്‍ത്ഥശക്തനെന്നാണ് പ്രവാചകന്‍ മുഹമ്മദും പഠിപ്പിച്ചത്. ക്ഷമയുടെ പ്രതിഫലം സന്തോഷമാണ്. സമാധാനമാണ്. ദേഷ്യത്തെ അടിച്ചമര്‍ത്തണമെന്നാണ് പലരും കരുതുന്നത്. അതിനാണ് എല്ലാവരും ശ്രമിക്കുന്നതും. എന്നാല്‍ അതല്ല ശരിയായ വഴി.
അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്. അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. മനസ്സില്‍ ദേഷ്യം ഉറഞ്ഞുകൂടി കൂടുതല്‍ മാരകമായ രീതിയില്‍ പുറത്തുവരാനേ അതുപകരിക്കൂ. അടിച്ചമര്‍ത്തിയ ദേഷ്യം ഉള്ളിലേക്ക് തിരിച്ചുവിട്ട ദേഷ്യമാണ്. ആത്മാഭിമാനാക്കുറവിനും വിഷാദത്തിനും ആത്മഹത്യയ്ക്കുപോലും അത് കാരണമാകാം. ദേഷ്യത്തെ അടിച്ചമര്‍ത്തുന്നതിന് പകരം ദേഷ്യത്തെ ഇല്ലാതാക്കുകയാണ് ശരിയായ ചികില്‍സ. അതിന് കാര്യങ്ങളെ വരുന്നത്‌പോലെ നേരിടാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തുറന്ന മനസ്സോടെ, ശാന്തമായി സംഭവങ്ങളെ സ്വീകരിക്കുക. മറ്റുള്ളവരെ ഉള്‍ക്കൊള്ളുക. മനസ്സിനെ ക്ഷമയുടെ പോര്‍ച്ചട്ടയണിയിച്ചാല്‍ നെഗറ്റീവ് ചിന്തകള്‍ കൂടുകൂട്ടില്ല. ജീവിതം എപ്പോഴും നാം വിചാരിക്കുന്നതുപോലെ സുഖകരമായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക. അത് ക്ഷമിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കും. അപ്പോള്‍ ക്ഷമയുടെ ആനന്ദം അനുഭവിക്കാനാവും.
നിരാശയുളവാക്കുന്ന സന്ദര്‍ഭങ്ങളില്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാനായാല്‍ തന്നെ അനാവശ്യ മാനസികപീഡകളില്‍ നിന്ന് രക്ഷപ്പെടാനാവും. വികാരം മേല്‍ക്കൈനേടുന്ന സന്ദര്‍ഭങ്ങളില്‍ അന്ധമായി പ്രതികരിക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. നിരാശ, ദുരിതം, കഷ്ടപ്പാടുകള്‍ എന്നിവ അനുഭവിക്കുമ്പോള്‍, മൂല്യങ്ങളെ മുറുകെപ്പിടിക്കുമ്പോള്‍, വിമര്‍ശിക്കപ്പെടുമ്പോള്‍ ഒക്കെ ക്ഷമയവലംബിക്കുക. വിമര്‍ശിക്കുമ്പോള്‍ തിരിച്ചടിക്കാതെയും ദുരിതങ്ങളെ പൂര്‍ണമനസ്സോടെ സ്വീകരിച്ചും ക്ഷമയുടെ വ്യത്യസ്ത രൂപങ്ങള്‍ നമുക്ക് ജീവിതത്തില്‍ പ്രകടിപ്പിക്കാനാവും. അപ്പോള്‍ ജീവിതം ആനന്ദപൂര്‍ണമാകും.
യാസിര്‍ ഫയാസ്
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ